
തിരുവനന്തപുരം: സിപിഐയുടെ മുതിർന്ന നേതാവും മുൻ ലോക്സഭാംഗവുമായ ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നതായി സൂചന. ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പലവട്ടം ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. പാർട്ടി നടപടിയെ തുടർന്ന് സിപിഐ നേതൃത്വവുമായി അകന്നുകഴിഞ്ഞ ചെങ്ങറയുടെ രാഷ്ട്രീയ നിലപാട് മാറ്റം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്.
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ നടപടി സ്വീകരിച്ചത്. ദേവസ്വത്തിന് കീഴിലുള്ള സ്കൂളിൽ മകൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നുമായിരുന്നു പരാതി.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കായിരുന്നു സസ്പെൻഷൻ പ്രഖ്യാപിച്ചതെങ്കിലും നടപടി പിൻവലിക്കാൻ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ സിപിഐ നേതൃത്വവുമായുള്ള ബന്ധം കൂടുതൽ വഷളായി. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തിയതെന്നാണ് വിവരം.
സിപിഐയിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നതിനിടെയാണ് ചെങ്ങറ സുരേന്ദ്രന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാകുന്നത്. സിപിഐയുടെ മുൻ എംഎൽഎമാരായ കെ. അജിത്തും സി.സി. മുകുന്ദനും നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. ഇവർക്കു പിന്നാലെ മറ്റൊരു പ്രമുഖ നേതാവിനെ കൂടി പാർട്ടിയിലെത്തിക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്നാണ് സൂചന.
രണ്ടുതവണ ലോക്സഭാംഗമായിട്ടുള്ള ചെങ്ങറ സുരേന്ദ്രൻ 1998ലും 2004ലും അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് പാർലമെന്റിലെത്തിയത്. ഇരുതവണയും കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയായിരുന്നു പരാജയപ്പെടുത്തിയത്. എന്നാൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.
അതേസമയം, പാർട്ടി മാറ്റത്തിന്റെ സൂചനകൾ നൽകുന്ന തരത്തിലുള്ള പോസ്റ്റുകൾ ചെങ്ങറ സുരേന്ദ്രന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ബിജെപിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.










